Sunday, November 9, 2014

മത്തി, മാങ്ങാ ഇട്ടു തേങ്ങാപ്പാല്‍ ചേര്‍ത്ത കറി



ആവശ്യമുള്ള സാധനങ്ങള്‍ :-

മത്തി – 1 കിലോ 
പുളിയുള്ള മാങ്ങ – 4 എണ്ണം ചെറിയ കഷണങ്ങള്‍ ആക്കിയത്
ചെറിയ ഉള്ളി അരിഞ്ഞത് – ½ കപ്പു
സവാള – 1 എണ്ണം
ഇഞ്ചി – 1 കഷണം
വെളുത്തുള്ളി – 1 തുടം
പച്ചമുളക് നീളത്തില്‍ കീറിയത് – 8 എണ്ണം
മുളക് പൊടി – 1 ടീസ്പൂണ്‍
മല്ലി പൊടി – 2 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1/2 ടീ സ്പൂണ്‍
ഉലുവ - 1/2 ടീ സ്പൂണ്‍
തേങ്ങാ പാല്‍ പൊടി – 1 കപ്പു
വിനാഗിരി - 1 1/2 ടേബിള്‍ സ്പൂണ്‍
----- താളിക്കാന്‍ -------
കടുക്
ഉലുവ - 1/2 ടീ സ്പൂണ്‍
വറ്റല്‍മുളക് – 2 എണ്ണം
കറിവേപ്പില
ചെറിയ ഉള്ളി - 4 എണ്ണം
വെളിച്ചെണ്ണ, ഉപ്പു – ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം :

½ കപ്പു തേങ്ങാ പാല്‍ പൊടി വലിയ 1 കപ്പു ചെറു ചൂട് വെള്ളത്തില്‍ കലക്കി മാറ്റി വെക്കുക. ബാക്കിയുള്ള തേങ്ങാ പാല്‍ പൊടി കുറച്ചു വെള്ളത്തില്‍ കട്ടിയായി കലക്കി വെക്കുക.

മത്തി കഴുകി വൃത്തിയാക്കി കഷണങ്ങള്‍ ആക്കുക . അതില്‍ ഉപ്പു, 1 ടീസ്പൂണ്‍ മുളക് പൊടി, ഒരു നുള്ള് മഞ്ഞള്‍ പൊടി എന്നിവ പുരട്ടി അരമണിക്കൂര്‍ മൺകലത്തില്‍ മാറ്റി വെക്കുക.

ഫ്രയിംഗ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്തു വഴറ്റുക. അതിലേക്കു മല്ലിപ്പൊടി , ബാക്കിയിരിക്കുന്ന മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തു നന്നായി വഴറ്റി യോജിപ്പിക്കുക. ഇതില്‍ മാറ്റിവെച്ചിരിക്കുന്ന കട്ടിയില്ലാത്ത തേങ്ങാപ്പാല്‍ ചേര്‍ത്തു തിളച്ചു കഴിയുമ്പോള്‍, മീന്‍ കഷണങ്ങള്‍ വെച്ചിരിക്കുന്ന മൺകലത്തിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിനു ഉപ്പു ചേര്‍ക്കുക.

ഒന്ന് തിളച്ചു കഴിയുമ്പോള്‍ മാങ്ങ ചേര്‍ത്തു മൂടി വെച്ച് നന്നായി വേവിക്കുക. കഷണങ്ങള്‍ വെന്തതിനു ശേഷം കട്ടിയുള്ള തേങ്ങാപ്പാല്‍ ഒഴിച്ച് വാങ്ങുക.

ഇതിലേക്ക് കടുക്, ഉലുവ, വറ്റല്‍മുളക്, കറിവേപ്പില, ചെറിയ ഉള്ളി, എന്നിവ താളിച്ച്‌ കറിയിലേക്ക് ഒഴിക്കുക. 5 മിനുട്ട് കഴിയുമ്പോള്‍ വിനാഗിരി ചേര്‍ത്തു കലം ഒന്ന് ചുറ്റിച്ചെടുക്കുക.

നെയ്യ് മത്തി വറുത്തത്














മത്തി - 1 കിലോ വെട്ടി തേച്ചു കഴുകി വൃത്തിയാക്കി വരഞ്ഞു എടുത്തത്‌ 
ഇഞ്ചി - 1 കഷണം, വെളുത്തുള്ളി - 6 അല്ലി, 4 കറിവേപ്പില ഇത്രയും അരച്ചെടുക്കുക
(ഇഞ്ചി വെളുത്തുള്ളി അരച്ച ശേഷം അവസാനം കറിവേപ്പില ചേർത്ത് ചട്ണി ജാറിൽ ഒന്ന് കറക്കി എടുക്കുക. ഇല അരഞ്ഞാൽ പച്ചില അരഞ്ഞ ചുവ വരും). 

ഇനി ഇതിലേക്ക് 1/4 ടി സ്പൂണ്‍ മഞ്ഞൾ പൊടി, 1 ടേബിൾ സ്പൂണ്‍ മുളകുപൊടി 1 / 2 ടേബിൾ സ്പൂണ്‍ കുരുമുളക് പൊടി (ക്രഷ്ഡ് - തരുതരുപ്പായി പൊടിച്ചത്), 1/ 4 ടി സ്പൂണ്‍ ഉലുവ പൊടി ആവശ്യത്തിനു ഉപ്പു ഇവ ചേർത്ത് അല്പം വെള്ളം ചേർത്ത് നന്നായി കുഴച്ചു എടുത്തു വരഞ്ഞ് വച്ച മീനിൽ തേച്ചു പിടിപ്പിച്ചു 20 മിനിറ്റ് മാറ്റിവെക്കുക.

ശേഷം സ്റ്റൊവ്വിൽ പാൻ വെച്ച് മീൻ നിരത്തി എണ്ണ ഒഴിച്ച് രണ്ടു വശവും വറത്തു മൂപ്പിച്ചു കോരുക.

ശ്രദ്ധിക്കുക

നെയ്യ് മത്തി ആയതിനാൽ വറുക്കുമ്പോൾ എന്നയിലേക്ക് നെയ്യ് കിനിഞ്ഞു ഇറങ്ങും. അത് കൊണ്ട് ആദ്യം അല്പം മാത്രം എണ്ണ (വെളിച്ചെണ്ണ ഉത്തമം) ആദ്യ വശം മൂപ്പിച്ചു തിരിച്ചിട്ട ശേഷം വീണ്ടും എണ്ണ ഒഴിച്ച് മറ്റേ വശം മൊരിക്കണം. ഇങ്ങനെ ചെയ്താൽ മത്തിയുടെ നെയ്യ് ചുവയും മണവും കുറക്കാൻ പറ്റും. വെളിച്ചെണ്ണയിൽ കുരുമുളക് മൂത്ത മണം മുന്നില് നില്ക്കും.

കറിവേപ്പിലയും മീനിന്റെ നെയ്‌ മണം മാറ്റാൻ സഹായിക്കും. വേപ്പില ഇടുന്നെങ്കിൽ, മീൻ നിരത്തുന്നതിനു മുന്നേ തന്നെ പാനിൽ ഇല ഇട്ടതിനു മേലെ മീൻ നിരത്തുക.

മീൻ വറുത്തു കഴിഞ്ഞു പാനിൽ നിന്നും അധികമുള്ള നെയ്‌ ചേര്ന്ന എണ്ണ ഊറ്റി കളഞ്ഞു ചെറിയ തീയിൽ ഒന്നുകൂടി 1 ടി സ്പൂണ്‍ വെളിച്ചെണ്ണ തൂവി മീൻ മൂപ്പിക്കുക.

Enjoy!!!!

നെയ്മീന്‍ വറുത്തത്





ചേരുവകള്‍ :-

നെയ്മീന്‍ -അര കിലോ (ദശ കട്ടിയുള്ള ഏതു മീനും എടുക്കാം.)കഷ്ണങ്ങലാക്കിയത്
മുളകുപൊടി-ഒരു ടീസ്പൂണ്‍
നാരങ്ങ നീര് -മുക്കാല്‍ ടീസ്പൂണ്‍
തയിര്‍-ഒരു ടീസ്പൂണ്‍(അധികം പുളിയില്ലാത്തത് )
പച്ചമുളക്-ഒന്ന്‍
ഇഞ്ചി-കാല്‍ ഇഞ്ചു കഷ്ണം
വെളുത്തുള്ളി-മൂന്ന്‍ അല്ലി
കുഞ്ഞുള്ളി-നാല്
മല്ലിയില-രണ്ടു കൊത്ത്
കറിവേപ്പില-ഒരു തണ്ട്
ഗരംമസാല-അര ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിനു
എണ്ണ-വറുക്കാന്‍ ആവശ്യമായത്

ചെയേണ്ട വിധം :-

മീന്‍ കഴുകി ഊറ്റി വക്കുക..എണ്ണയും മീനും ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക..വെള്ളം അല്പം പോലും ചേര്‍ക്കരുത്.ഈ അരപ്പ് മീനില്‍ നല്ലവണ്ണം പുരട്ടി ഒരു മണിക്കൂര്‍ വക്കുക.ഒരു പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടാവുമ്പോള്‍ പുരട്ടിവച്ച മീന്‍ കഷ്ണങ്ങള്‍ ഇട്ടു പൊടിഞ്ഞു പോവാതെ രണ്ടു വശവും മോരിയുന്നവരെ വറുത്തു കോരുക..ചൂടോടെ ചോറിനൊപ്പം വിളമ്പാം ...ചപ്പാത്തിക്കും യോജിക്കുന്ന ഒരു സൈഡ് ആണിത്..ട്രൈ ചെയു ഫ്രണ്ട്സ് ....


നെത്തോലി വറുത്തത് / Netholi Varuthathu



പാകത്തിനു മഞ്ഞൾപൊടിയും, മുളകുപൊടിയും, ഉപ്പും ചേർത്ത് മീനിൽ പുരട്ടി കുറച്ചു നേരം വച്ചതിനു ശേഷം തിളച്ച എണ്ണയിൽ വറുത്തെടുക്കുക

നെത്തോലി ബജി



നെത്തോലി മീന്‍ -കാല്‍ കിലോ
ഇഞ്ചി അരച്ചത് -അര ടേബ്ള്‍ സ്പൂണ്‍
പച്ചമുളക് അരച്ചത് -അര ടേബ്ള്‍ സ്പൂണ്‍
മുളകുപൊടി -ഒരു ടേബ്ള്‍ സ്പൂണ്‍
നിലക്കടല വറുത്തരച്ചത് -50 ഗ്രാം
തക്കാളി പേസ്റ്റ് -രണ്ട് ടേബ്ള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര് -ഒരു ടേബ്ള്‍ സ്പൂണ്‍
കടലമാവ് -ആവശ്യത്തിന്
വെളിച്ചെണ്ണ -പൊരിക്കാന്‍ ആവശ്യമായത്

നെത്തോലി മീന്‍ മുള്ള് കളഞ്ഞ് വൃത്തിയാക്കുക. വെള്ളം വാാര്‍ത്തുകളയണം. വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകള്‍ പക്കാവട പാകത്തില്‍ കുഴച്ചെടുക്കണം. കടലമാവ് അധികമാകാതെ ശ്രദ്ധിക്കണം. കുഴച്ചെടുത്ത മാവ് അര മണിക്കൂര്‍ വെക്കണം. ഫ്രയിങ് പാനില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ മാവും മീനും ചേര്‍ന്ന മിശ്രിതം എണ്ണയില്‍ നുള്ളിയിട്ട് പൊരിക്കുക. സോസ്, ചട്‌നി ഇവക്കൊപ്പം ഉപയോഗിക്കാം.

നമ്മുടെ സ്വന്തം മത്തി...





കുരുമുളക്, 
 ഇഞ്ചി, 
മുളകുപൊടി(കുറച്ച്), 
മഞ്ഞള്‍പ്പൊടി, 
ഉപ്പ്, 
കടുക്.... 

എല്ലാം കൂടി അരച്ച്, വെട്ടി വൃത്തിയാക്കി വരഞ്ഞ മത്തിയില്‍ പുരട്ടി ഒരു 20 മിനിറ്റ്... 
ചൂടാക്കിയ ചട്ടിയില്‍ ഒരു വാഴയിലക്കീറ് വച്ചിട്ട് മുകളില്‍ മത്തി നിരത്തി അതിനു മുകളില്‍ ഒരു ഇലക്കീറു കൂടി...

ഇല പതിഞ്ഞിരിയ്ക്കാന്‍ മുകളില്‍ ചെറിയൊരടപ്പ് വയ്ക്കാം... 
ഒരു വശം പാകമായാല്‍ മൊത്തത്തില്‍ ഇലയടക്കം മറിച്ചിടാം...
ഇഷ്ടാനുസരണം പൊള്ളിച്ചെടുക്കുകയോ മൊരിച്ചെടുക്കുകയോ ആവാം... 
ഒരു തുള്ളി എണ്ണ പോലും ചേര്‍ക്കരുത്....
പച്ചകുരുമുളകാണെങ്കില്‍ കിടിലമായിരിയ്ക്കും...

നത്തോലി(ഒരു ചെറു മീനാണ്) ഫ്രൈ..





ആവശ്യമായ സാധനങ്ങള്‍
1. നത്തോലി : 300 ഗ്രാം
2. വെളുത്തുള്ളി : അഞ്ചു അല്ലി
3. ഇഞ്ചി : ഒരു ചെറിയ കഷ്ണം
4. കുഞ്ഞുള്ളി : എട്ടു എണ്ണം
5. പെരും ജീരകം : കാല്‍ ടീസ്പൂണ്‍
6. കറിവേപ്പില : രണ്ടിതള്‍
7. മുളകുപൊടി : ഒന്നര ടീസ്പൂണ്‍
8. മഞ്ഞള്‍ പൊടി : അര ടീസ്പൂണ്‍
9. കുരുമുളകുപൊടി : ഒരു ടീസ്പൂണ്‍
10. ഉപ്പ് : പാകത്തിന്
11. കോണ്‍ ഫ്ലോര്‍ : ഒരു ടീസ്പൂണ്‍
12. വെളിച്ചെണ്ണ : മുക്കി പൊരിക്കാന്‍ വേണ്ടത്
തയ്യാറാക്കുന്ന വിധം
നത്തോലി വൃത്തിയാക്കിയതില്‍ രണ്ടുമുതല്‍ ആറു വരെയുള്ള ചേരുവകള്‍ ചതച്ചതും ബാക്കി ചേരുവകളും കട്ടിയില്‍ ക്രീം ആക്കി പുരട്ടി അരമണിക്കൂര്‍ വെക്കുക. അവിടെ ഇരിക്കട്ടെ...പോയി ഒരു സീരിയല്‍ കണ്ടു വന്നോളു....അര മണിക്കൂര്‍ കഴിഞ്ഞു ഒരു പാനില്‍ എണ്ണ ചൂടാക്കി ചെറുതീയില്‍ വറുത്തെടുക്കുക.
ചെറു ചൂടോടെ ചോറിനൊപ്പം വിളമ്പാം...